പൊലീസുകാരിലെ ആത്മഹത്യക്ക് കാരണം ജോലി സമ്മര്‍ദമല്ലെന്ന് പൊലീസ് മേധാവി; വിയോജിച്ച്‌ മനുഷ്യാവകാശ കമ്മീഷന്‍, 'മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം'

  • 03/05/2025

കടുത്ത ജോലി സമ്മര്‍ദ്ദവും ജോലി സ്ഥലത്തെ അന്തരീക്ഷവും പൊലീസ് സേനാംഗങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് സേനാംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ തടയാന്‍ സേനയുടെ അംഗബലം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശിച്ചു. സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യയെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം.

മദ്യപാനവും കുടുംബഛിദ്രവും സാമ്ബത്തിക അച്ചടക്കമില്ലായ്മയും മറ്റുമാണ് ആത്മഹത്യക്ക് കാരണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനോട് വിയോജിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. ജോലി സമ്മര്‍ദം കാരണം ആത്മഹത്യ വര്‍ധിക്കുന്നു എന്നതിന് ഒരു തെളിവുമില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്ന് കെ ബൈജുനാഥ് നിര്‍ദേശിച്ചു.

ക്വാണ്ടം കമ്ബ്യൂട്ടിംഗ്, എഡ്ജ് കമ്ബ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകള്‍ ലഭ്യമായിട്ടും പോലീസിലെ പല കാര്യങ്ങളും പരമ്ബരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ വിശദമായ ഉത്തരവില്‍ പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതും മാനവിക വിരുദ്ധവുമായ കൊളോണിയല്‍ കാലത്തെ ശേഷിപ്പുകള്‍ പോലീസ് സേനയില്‍ അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Related News