'അങ്ങനെ നമ്മള്‍ ഇതും നേടി, പ്രധാനമന്ത്രിക്ക് നന്ദി'; വിഴിഞ്ഞം എല്‍ഡിഎഫിന്‍റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി

  • 02/05/2025

വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ കശ്മീർ ഭീകരാക്രമണം പരാമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ അതും നമ്മള്‍ നേടിയെടുത്തു. അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉമ്മൻ ചാണ്ടിയെ കുറിച്ച്‌ പാമര്‍ശിച്ചില്ല. 

കേരളത്തിന്റെ സ്വപ്നസാഫല്യമാണിത്. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം.

രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് നിശ്ചയദാര്‍ഢ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോർട്ടായി മാറുന്നു. ഇത് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നാടിന്റെ ഒരുമയും നമ്മുടെ ഐക്യവുമാണ് ഇത്തരം പദ്ധതി പൂർത്തിയാക്കാൻ കാരണമാകുന്ന‌ത്.

Related News