'വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം'; തിരുത്തണമെന്ന് സുനില്‍ പി ഇളയിടം

  • 30/04/2025

പുലിപ്പല്ലു കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന്, ഇടതു സഹയാത്രികന്‍ കൂടിയായ സുനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുലിനഖമാല മുതല്‍ ആനക്കൊമ്ബ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്ബോഴാണ്, സ്‌റ്റേഷന്‍ ജാമ്യം കിട്ടിയ കേസിന്റെ തുടര്‍ച്ചയില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നമ്മുടെ പൊതുസംസ്‌കാരത്തില്‍ നിലീനമായ സവര്‍ണ്ണതയെ ആഴത്തില്‍ വെല്ലുവിളിക്കുന്നതാണ് വേടന്റെ കല. സംഗീതത്തിന്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊര്‍ജ്ജം പകര്‍ന്ന ഒന്നാണത്. വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടിയെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. കഞ്ചാവു കേസില്‍ നിയമപരമായ നടപടികള്‍ തുടരുമ്ബോള്‍ തന്നെ ഇക്കാര്യത്തില്‍ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകള്‍ വരുത്താനും അധികാരികള്‍ തയ്യാറാകണമെന്ന് സുനില്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Related News