കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപം; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

  • 19/04/2024

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ ജോസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. 

ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകളാണ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ രണ്ടിടത്ത് കേസെടുത്തിരിക്കുന്നത്. വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായ കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്.

നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. കേസിൽ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരല്ലാം മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെയാണ് അഞ്ചാമത്തെ കേസ്. ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തി എന്ന പരാതിയിലാണ് കേപ്പെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ആറാമത്തെ കേസാണ് മെബിൻ ജോസിനെതിരെ എടുത്തത്.

പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് കെ എം മിൻഹാജിനെ മട്ടന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

Related News