14,000 കണക്ഷനില്‍ പകുതി പോലും കൊടുത്തില്ല, കെ ഫോണില്‍ ആകെ കല്ലുകടി; കേരളാ വിഷനുമായുളള കരാറില്‍ നിന്നും പിൻമാറി

  • 17/04/2024

സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ കണക്ഷൻ നടപടികള്‍ കേരളാ വിഷനില്‍ നിന്ന് തിരിച്ചെടുത്ത് കെ ഫോണ്‍. ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 14,000 കണക്ഷനില്‍ പകുതി പോലും കൊടുത്തു തീര്‍ക്കാൻ കെ ഫോണിന് കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തെ പരിപാലനം അടക്കം നല്‍കിയ കരാറില്‍ നിന്നാണ് കെ ഫോണിന്‍റെ പിൻമാറ്റം.

ലക്ഷ്യമിട്ട ടാര്‍ഗറ്റും പത്ത് മാസത്തെ പ്രവര്‍ത്തന പുരോഗതിയും വച്ച്‌ നോക്കുമ്ബോള്‍ ഒട്ടും ആശ്വാസകരമായ ഗ്രാഫല്ല കെ ഫോണിന്. 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷൻ പാതി പോലും ആയിട്ടില്ല. കെ ഫോണിന്‍റെ ഔദ്യോഗിക കണക്ക് അനുസരിച്ച്‌ സൗജന്യ കണക്ഷൻ കിട്ടിയത് 5734 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രം. ബാക്കി കൊടുക്കാൻ വ്യക്തി വിവരങ്ങള്‍ അടക്കം പൂ‍‍ര്‍ണ്ണമല്ലെന്ന് ആവര്‍ത്തിച്ച്‌ കേരള വിഷൻ അറിയിച്ചിട്ടും കെ ഫോണ്‍ ഒന്നും ചെയ്തില്ല.

ഒരു വര്‍ഷ കാലാവധി തീര്‍ന്നതോടെ ഇനി കേരളാ വിഷനുമായുള്ള കരാര്‍ പുതുക്കേണ്ടെന്നാണ് കെ ഫോണ്‍ തീരുമാനം. ബാക്കി കണക്ഷൻ കെ ഫോണ്‍ നേരിട്ട് നല്‍കാനാണ് തീരുമാനം. കൊടുത്ത കണക്ഷന്റെ ഒരു വര്‍ഷത്തെ പരിപാലനം കേരള വിഷനുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയൊന്നും കെ ഫോണ്‍ വരുത്തിയിട്ടില്ലെന്നും കരാര്‍ പ്രകാരം ഇത് വരെയുള്ള തുക നല്‍കിയിട്ടില്ലെന്നുമാണ് വിവരം. പ്രവര്‍ത്തന ചെലവും വായ്പാ തിരിച്ചടവും അടക്കം പ്രതിമാസം 15 കോടി വരുമാനമെങ്കിലും ഉണ്ടെങ്കിലേ കെ ഫോണിന് പിടിച്ച്‌ നില്‍ക്കാനാകു.

Related News