സിപിഎം യോഗത്തിലെ കയ്യാങ്കളി; പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ നേതാക്കള്‍ക്കെതിരെ നടപടി സാധ്യത

  • 26/03/2024

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കിയ കയ്യാങ്കളിയില്‍ പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കള്‍ക്കെതിരെ കർശന നടപടി വന്നേക്കും. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. 

സംഭവം ഇതിനോടകം തന്നെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി നടപടി എന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. രണ്ട് നേതാക്കളും ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്താകും എന്നാണ് സൂചന. 

തോമസ് ഐസക്കിനായുള്ള പ്രചരണ പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിലായിരുന്നു മുതിർന്ന നേതാവ് എ പത്മകുമാറും അടൂരില്‍ നിന്നുള്ള നേതാവ് ഹർഷകുമാറും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പോരടിച്ചത്. പത്മകുമാറും ഹർഷകുമാറും തമ്മില്‍ ഏറെക്കാലമായുള്ള തർക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്.

ഹർഷകുമാറും ഒരു വിഭാഗം നേതാക്കളും ചേർന്ന് ജില്ലയിലെ പാർട്ടിയെ കൈപ്പിടിയില്‍ ഒതുക്കിയതാണ് മുതിർന്ന നേതാവായ പത്മകുമാറിന്‍റെ അമർഷത്തിന് കാരണം. സ്ഥാനാർത്ഥിയായ തോമസ് ഐസകിനൊപ്പം നേരത്തെ തന്നെ കൂടിയ പത്മകുമാർ തെരഞ്ഞെടുപ്പ് പോരായ്മകള്‍ ചൂണ്ടിക്കാട്ടി അടൂരിലെ നേതാക്കളെയും പാർട്ടിയെയും നിരന്തരം കുറ്റപ്പെടുത്തുകയാണ്.

Related News