റീഫണ്ട് അനുവദിക്കുന്നത് ലോക്ക് ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾക്ക് മാത്രം: ഹർജ്ജിയുമായി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ

  • 20/04/2020

ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാം സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു.

കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യന്താര തലത്തിൽ വിമാന സർവീസുകൾ റദാക്കിയിട്ടും ടിക്കറ്റ് തുക മുഴുവനായി യാത്രക്കാർക്ക് മടക്കി നൽകാത്തതിനെ തുടർന്ന് പ്രവാസി ലീഗൽ സെൽ മാർച്ച് 25 ന് കേന്ദ്ര വ്യമായേനേ മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു.

ഇതേ തുടർന്ന് വ്യോമയാന മന്ത്രാലയഅധികൃതർ സ്വകാര്യ വിമാനക്കമ്പനി സിഇഒമാരുമായി വീഡിയോ കോൺഫറൻസ് മുഖേന സംസാരിക്കുകയും മാർച്ച് 25 മുതൽ മെയ് 3 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്തിട്ടുള്ള വിമാനടിക്കറ്റുകളുടെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരിച്ചു നൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാർ ഇതിനായി അപേക്ഷ നൽകണമെന്നും അപേക്ഷ ലഭിച്ച് മൂന്ന് ആഴ്ച്ചകൾക്കുളളിൽ ക്യാൻസലേഷൻ ചാർജ് ഈടാക്കാതെ തുക തിരിച്ചു നൽകണമെന്നും മന്ത്രാലയം വിമാന കമ്പനികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

പക്ഷെ ഈ ദിവസങ്ങളിലെ യാത്രക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്ത പലരും മാർച്ച് 25 ന് മുൻപാണെന്നതിനാൽ മന്ത്രാലയത്തിന്റെ നിർദ്ദേശം തങ്ങൾക്ക് ഗുണം ചെയ്യുകയില്ലെന്ന ആശയങ്കയിലാണ് ഭൂരിഭാഗം പ്രവാസി ഇന്ത്യക്കാരും. മാത്രമല്ല ലോക്ക് ഡൗണിനെത്തുടർന്ന് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക യാത്രക്കാർക്ക് തിരികെ നല്കേണ്ടതില്ലെന്നാണ് വാദത്തിലാണ് വിമാന കമ്പനികൾ. പകരം മറ്റൊരു ദിവസം യാത്രചെയ്യുന്നതിന് ടിക്കറ്റ് ബുക്കുചെയ്യാൻ അവസരം അനുവദിക്കും. ടിക്കറ്റ് തുക മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കുമെങ്കിലും പുതിയ തിയ്യതിയിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ ബാക്കി തുക നല്കാൻ യാത്രക്കാർ ബാധ്യസ്ഥരാണ്.

വിമാന സർവീസ് റദ്ദാ യാൽ മുഴുവൻ തുകയും യാത്രക്കാർക്ക് നൽകണമെന്നാണ് വ്യോമായാന ചട്ടത്തിൽ അനുശാസിക്കുന്നത്. പക്ഷെ സർവീസ് മുടങ്ങിയതിന് കാരണം ലോക്ക് ഡൗൺ ആണെന്നും തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന നിലപാടിലാണ് വിമാന കമ്പനികൾ.

ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നും, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകണമെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്. പ്രവാസികൾക്ക് നീതി ലഭിക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്ന് പി.ൽ.സി കുവൈറ്റ് കൺട്രി ഹെഡ്,ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു

Related News