വാക്‌സിൻ എടുത്തവർക്കും ക്വാറന്റീനിൽ ഇളവുകളില്ല; ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തർ

  • 27/04/2021

ദോഹ: ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയത്. വാക്‌സിൻ എടുത്തവർക്കും ക്വാറന്റീനിൽ ഇളവുകളില്ല. ഖത്തറിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചു. ഏപ്രിൽ 29 വ്യാഴാഴ്ച ദോഹ പ്രാദേശിക സമയം പുലർച്ചെ 12 മണി മുതലാണ് ക്വാറൻറീൻ നിർബന്ധമാക്കിയത് പ്രാബല്യത്തിൽ വരികയെന്ന് എംബസി വ്യക്തമാക്കി.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയത്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്കും ഈ രാജ്യങ്ങൾ വഴി വരുന്നവർക്കും(ട്രാൻസിറ്റ് യാത്രക്കാർ)പുതിയ നിബന്ധന ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നടത്തിയ കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്ക് വിമാനങ്ങളിൽ പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 28 പ്രാദേശിക സമയം പുലർച്ചെ രണ്ടു മണി മുതലാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യവസ്ഥ പ്രാബല്യത്തിൽ വരിക. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഖത്തർ നേരത്തെ ക്വാറന്റീൻ ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്.

Related News