കുവൈത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ കർശന നിയന്ത്രണം; എക്സ്ചേഞ്ച് കമ്പനികൾക്ക് പുതിയ നിർദേശം

  • 14/09/2025



കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ ഇടപാടുകൾ തടയുന്നതിനായി കുവൈത്തിലെ ബാങ്കുകൾ എക്‌സ്‌ചേഞ്ച് കമ്പനികളോട് അവരുടെ ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും പ്രതിദിന റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു. ബാങ്കുകളുമായുള്ള ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബാങ്കുകളിൽ നിന്ന് ഡോളർ വാങ്ങുന്ന എക്‌സ്‌ചേഞ്ച് കമ്പനികൾ എല്ലാ ഇടപാടുകളുടെയും വിശദാംശങ്ങൾ നൽകണമെന്നാണ് പുതിയ നിർദേശം. 3,000 ദിനാറിന് മുകളിലോ താഴെയോ ഉള്ള ഡോളർ ഇടപാടുകളുടെ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം. ബാങ്ക് നൽകുന്ന ഡോളർ എക്‌സ്‌ചേഞ്ച് കമ്പനികൾ പണം കൈമാറ്റത്തിന് മാത്രം ഉപയോഗിക്കണം. ഊഹക്കച്ചവടത്തിനോ മറ്റ് നിക്ഷേപ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ഡോളർ ഇടപാടുകൾക്ക് സെൻട്രൽ ബാങ്ക് പിന്തുണ നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്റർബാങ്ക് മാർക്കറ്റ് വഴി ഡോളർ ആവശ്യങ്ങൾ നിറവേറ്റുന്ന കമ്പനികൾക്ക് ഈ പുതിയ നിർദേശം ബാധകമല്ല.

Related News