മയക്കുമരുന്ന് വേട്ട; കുവൈത്തിൽ ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള സംഘം പിടിയിൽ

  • 12/09/2025



കുവൈത്ത് സിറ്റി: രാജ്യത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് കടത്ത് സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഈ സംഘം വലയിലായത്. വൻതോതിൽ മയക്കുമരുന്ന് കൈവശം വെച്ച ഒരു ഇന്ത്യൻ പൗരനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് ഹാഷിഷ് പിടിച്ചെടുക്കുകയും ചെയ്തു.

മയക്കുമരുന്ന് തൻ്റേതാണെന്ന് ഇയാൾ സമ്മതിച്ചു. കൂടാതെ, ഈജിപ്തിലുള്ള ഒരു ബംഗ്ലാദേശ് പൗരനുമായും, സെൻട്രൽ ജയിലിലുള്ള ഒരു ബിദൂൻ പൗരനുമായും ചേർന്ന് മയക്കുമരുന്ന് വിതരണം ചെയ്യുന്നതായും വെളിപ്പെടുത്തി. തുടർന്ന്, മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും തിരുത്തൽ സ്ഥാപനങ്ങളുടെ സുരക്ഷാ വിഭാഗവും ചേർന്ന് ജയിലിലെ പ്രതിയുടെ സെല്ലിൽ റെയ്ഡ് നടത്തി. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഈ ഫോൺ ഉപയോഗിച്ചാണ് പ്രതി തൻ്റെ പങ്കാളികളുമായി ബന്ധപ്പെട്ടിരുന്നത്. 145 കിലോഗ്രാം ഹാഷിഷ് പിടിചെടുത്തിട്ടുണ്ട്. പിടികൂടിയ മയക്കുമരുന്നും പ്രതികളെയും തുടർ നിയമനടപടികൾക്കായി മയക്കുമരുന്ന് പ്രോസിക്യൂഷന് കൈമാറി.

Related News