മഹ്ബൂലയിൽ ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളെ താമസിപ്പിച്ച ബിദൂൺ പിടിയിൽ

  • 30/08/2025


കുവൈത്ത് സിറ്റി: ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളെ താമസിപ്പിക്കുകയും ജോലിക്ക് വെക്കുകയും ചെയ്ത ഒരു 'ബിദൂൻ' പൗരനെ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ ജോലിക്കാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനൊടുവിൽ സംശയിക്കുന്നയാളുടെ മഹ്ബൂലയിലെ അപ്പാർട്ട്‌മെന്റ് കണ്ടെത്തി. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ ഫ്ലാറ്റിനുള്ളിൽ കുവൈത്ത് റെസിഡൻസി നിയമങ്ങൾ ലംഘിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 10 ജോലിക്കാരെ കണ്ടെത്തി.

ഒളിവിലുള്ള ഈ തൊഴിലാളികളെ ദിവസക്കൂലിക്ക് ജോലിക്ക് അയച്ച് ലാഭം നേടിയിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെയും പിടികൂടിയ തൊഴിലാളികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News