മനുഷ്യക്കടത്ത് കേസ്: കുവൈത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവാസിയെ നാടുകടത്തി

  • 29/08/2025


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം എന്നീ കുറ്റങ്ങളിൽ ഏർപ്പെട്ട നേപ്പാളി പൗരനെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്തി. കുവൈത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നേപ്പാളി സുരക്ഷാ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

നേപ്പാളി നീതിന്യായ വ്യവസ്ഥ നൽകിയ തെളിവുകളടങ്ങിയ അന്താരാഷ്ട്ര മെമ്മോറാണ്ടം വഴിയാണ് ഇയാളെക്കുറിച്ച് കുവൈത്തിന് വിവരം ലഭിച്ചത്. സ്വന്തം നാട്ടുകാരെ ചൂഷണം ചെയ്ത് കടത്തുകയും അവരുടെ ദുരിതത്തിൽ നിന്ന് ലാഭം നേടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കവെ മരണപ്പെട്ട നേപ്പാളി പൗരന്മാരുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുവൈത്തിലെ ജലീബ് പ്രദേശത്ത് ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ പോലീസ് പിടികൂടി. കുവൈത്ത് മണ്ണിൽ വെച്ച് ഇയാൾ മനുഷ്യക്കടത്ത് നടത്തിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, അങ്ങനെയുണ്ടായിരുന്നെങ്കിൽ ഇവിടെ വെച്ച് തന്നെ വിചാരണ നേരിടേണ്ടി വരുമായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പ്രതിയെ നേപ്പാളി അധികാരികൾക്ക് കൈമാറി.

Related News