രാത്രി വൈകിയും റെയ്ഡും പരിശോധനയും; നിരവധി നിയമലംഘകർ അറസ്റ്റിൽ

  • 27/08/2025



കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 200-ൽ അധികം ആളുകളെ അറസ്റ്റ് ചെയ്തതായി റെസ്ക്യൂ പട്രോൾസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇതിൽ 13 പേർ മയക്കുമരുന്ന് കൈവശം വെച്ചതിനും, 125 പേർ ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി ഒളിവിൽ കഴിഞ്ഞിരുന്നവരും, 62 പേർ താമസരേഖയുടെ കാലാവധി കഴിഞ്ഞവരുമാണ്. പോലീസ് പട്രോളിംഗിന്റെ ഒരാഴ്ചത്തെ കണക്കനുസരിച്ച്, 4,431 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി. കൂടാതെ, 24 വാഹനങ്ങൾ പിടിച്ചെടുക്കുകയും, അഞ്ച് വഴക്കുകൾ ഒത്തുതീർപ്പാക്കുകയും, 121 വാഹനാപകടങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. 

രാത്രി വൈകിയുള്ള സമയങ്ങളിൽ ഉൾപ്പെടെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷ നിലനിർത്തുന്നതിനും പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും ഈ പരിശോധനകൾ തുടരുമെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജലീബ് അൽ ഷുവൈക്കിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് ഏഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേന, സംശയാസ്പദമായ രീതിയിൽ കണ്ട ഇരുവരെയും ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Related News