ഇറാൻ-ഇസ്രയേൽ സംഘർഷം: കുവൈത്തിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ

  • 19/06/2025



കുവൈത്ത് സിറ്റി: ഇറാനും ഇസ്രായേലും തമ്മിലുള്ള നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ മന്ത്രാലയങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങളും നടപടികളും വിലയിരുത്തി കുവൈത്ത് മന്ത്രിസഭ. മെഡിക്കൽ, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും എല്ലാ സമയത്തും സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് മന്ത്രിസഭ പരിശോധിച്ചത്. ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് മന്ത്രിസഭ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

യോഗത്തിൽ, ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി തന്റെ മന്ത്രാലയം ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ആവശ്യമായ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച്ച് മന്ത്രിസഭയെ അറിയിച്ചു. വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ ഭക്ഷ്യസുരക്ഷയെയും അവശ്യവസ്തുക്കളുടെ ശേഖരത്തെയും കുറിച്ചുള്ള മന്ത്രാലയത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. വിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും ഭക്ഷ്യവസ്തുക്കളും വെള്ളവും ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും സുലഭമായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള വഴികളും അദ്ദേഹം വിശദീകരിച്ചു.

Related News