കുവൈത്തിൽ കനത്ത ചൂട്: താപനില 51 ഡിഗ്രി സെൽഷ്യസ് കടന്നു; പൊടിക്കാറ്റിനും സാധ്യത

  • 15/06/2025


കുവൈത്ത് സിറ്റി: രാജ്യത്തെ റബിയ, ജഹ്‌റ, അബ്ദലി എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. താപനില 51 ഡിഗ്രി സെൽഷ്യസിലേക്കാണ് എത്തിയത്. അതേസമയം, കുവൈത്ത് വിമാനത്താവളത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് രാജ്യമുള്ളതെന്നും, തിങ്കളാഴ്ച വരെ അതിതീവ്രമായ ചൂടുകാറ്റും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഈ കാറ്റുകൾ ഇടയ്ക്കിടെ ശക്തി പ്രാപിക്കുകയും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാവുകയും ചെയ്യും. ചൊവ്വാഴ്ച മുതൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് അൽ അലി പ്രതീക്ഷിക്കുന്നു. അന്ന് ഉയർന്ന താപനില 46-നും 48-നും ഇടയിലായിരിക്കുമെന്നും, ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിക്കാറ്റിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News