കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ സംഭരണശേഷി തൃപ്തികരമെന്ന് വാണിജ്യ മന്ത്രാലയം; അടിയന്തര സാഹചര്യമുൾപ്പെടെ നേരിടാൻ ഒരുക്കം

  • 14/06/2025



കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ സംഭരണശേഷി മതിപൂരിതമെന്നും, അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യാൻ കഴിയുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ രാഷ്ട്രീയ അസ്ഥിരത വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഈ ഉറപ്പ് നൽകുന്നത്.

വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരി നൽകിയ വിശദീകരണത്തിൽ, ഭക്ഷ്യവസ്തുക്കളുടെ സ്ഥിരതയും ലഭ്യതയും ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ അടിയന്തര സംഘം വിവിധ സ്വകാര്യ വെയർഹൗസുകളിൽ പരിശോധന നടത്തുകയുണ്ടായി. ശേഖരിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവും പരിപാലന രീതിയും ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷനുമായി സഹകരിച്ച് ഔട്ട്ലെറ്റുകളിലെ സ്റ്റോക്ക് നില പരിശോധനയും നിരീക്ഷണവും തുടർന്നുകൊണ്ടിരിക്കുന്നതായും അൽ-അൻസാരി അറിയിച്ചു. ആവശ്യത്തിന് സ്റ്റോക്ക് നിലനിർത്തുന്നതിനും ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കളുടെ നിരന്തര വിതരണം ഉറപ്പാക്കുന്നതിനും സർവത്രമുന്‍കരുതലുകൾ എടുത്തതായി അദ്ദേഹം അറിയിച്ചു.

Related News