മയക്കുമരുന്ന് വാങ്ങിയതിൽ പറ്റിക്കപ്പെട്ടു; വ്യാപാരിക്കെതിരെ കേസ്, കുവൈത്തിൽതന്നെ ആദ്യം

  • 23/04/2024


കുവൈത്ത് സിറ്റി: ഒരു മയക്കുമരുന്ന് വ്യാപാരിക്കെതിരെ ലഹരിക്ക് അ​ഡിക്റ്റ് ആയ വ്യക്തി നൽകിയ കേസ് ക്രിമിനൽ കോടതി മെയ് 26ന് പരി​ഗണിക്കും. രാജ്യത്ത് തന്നെ ഇത്തരമൊരു കേസ് ആദ്യമായാണ്. 300 കുവൈറ്റ് ദിനാർ വിലമതിക്കുന്ന കെമിക്കൽ ലഹരിമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഇലകൾ കൂട്ടിച്ചേർത്താണ് തനിക്ക് മയക്കുമരുന്ന് വിറ്റതെന്നും കബളിപ്പിച്ചെന്നും കാണിച്ചാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. അൽ നയിം പോലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതോടെ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിലെ ഡിറ്റക്ടീവുകൾ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങി മയക്കുമരുന്ന് വ്യാപാരിക്കെതിരെ അന്വേഷണം തുടങ്ങി.

ഇയാളെ അറസ്റ്റ് ചെയ്യുകയും വീട്ടിൽ പരിശോധന നടത്തിയപ്പോൾ വിൽപനയ്‌ക്കായി തയ്യാറാക്കിയ മയക്കുമരുന്ന് ശേഖരവും കണ്ടെത്തി. പരാതിക്കാരന് വിറ്റ ലഹരിമരുന്നിൽ മരത്തിൻ്റെ ഇലകൾ കലർത്തി അളവ് കൂട്ടുകയും കൂടുതൽ തുക വാങ്ങിയെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. പരാതിക്കാരനെതിരെ മയക്കുമരുന്ന് ദുരുപയോഗം ചെയ്തതിനും കേസ് എടുക്കുകയായിരുന്നു.

Related News