കുവൈത്ത് - സൗദി റെയിൽവേ ലിങ്ക്; ഈ വർഷം തുടക്കമാകും

  • 22/04/2024

 


കുവൈത്ത് സിറ്റി: സൗദി അറേബ്യയുമായുള്ള റെയിൽവേ ലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് അതിവേ​ഗ നടപടികളുമായി കുവൈത്ത്. പദ്ധതിയുടെ യഥാർത്ഥ പ്രവർത്തനങ്ങൾ ഈ വർഷം അവസാനമോ അടുത്ത വർഷത്തിൻ്റെ തുടക്കത്തിലോ ആരംഭിക്കും. പദ്ധതിയുടെ പൂർത്തീകരണം വേ​ഗത്തിലാക്കാൻ കുവൈത്തും സൗദിയും താൽപ്പര്യപ്പെടുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. സാമ്പത്തികം, സാങ്കേതികം, നിയമപരമായ വശങ്ങൾ തുടങ്ങി എല്ലാ ഘടകങ്ങളെയും കുറിച്ചുള്ള ധാരണ രണ്ട് രാജ്യങ്ങളും തമ്മിലുണ്ട്.

സാമ്പത്തിക, സാങ്കേതിക പഠനങ്ങളുടെ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ആവശ്യമായ പ്ലാനുകളും പ്രാരംഭ കരാറുകളും ഉൾപ്പെടെ പദ്ധതിയുടെ എല്ലാ ഘടകങ്ങളുടെയും തയ്യാറെടുപ്പ് മെയ് 16-ന് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം, കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ലിങ്ക് പദ്ധതി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ റെയിൽവേ പദ്ധതിയിൽ നിന്ന് വ്യത്യസ്തമാണ്. കുവൈത്തും സൗദി തലസ്ഥാനമായ റിയാദും തമ്മിൽ 700 കിലോമീറ്ററോളം വരുന്ന റെയിൽ ലൈൻ ആണ് സാധ്യമാകാൻ പോകുന്നത്.

Related News