കുവൈത്തിൽ ജൂൺ 1 മുതൽ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ് പുനരാരംഭിക്കുന്നു

  • 19/04/2024


കുവൈത്ത് സിറ്റി: ജൂൺ 1 മുതൽ രാജ്യത്തിന് പുറത്ത് നിന്നുള്ള പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ് പുനരാരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. ആഭ്യന്തര വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ച് തൊഴിലാളികളെ ഉറപ്പ് വരുത്തുന്നതിനും വ്യക്തികളെ കടത്തുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിൻ്റെ ഭാ​ഗമയാണ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നത്. അതോറിറ്റിയുടെ അധ്യക്ഷനും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

നിലവിലുള്ള പൗരന്മാരുടെയും പ്രവാസികളുടെയും അനുപാതം സന്തുലിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായും കൂടുതൽ പൗരന്മാർക്ക് ജോലി ലഭിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം എടുത്തിരുന്നത്. രാജ്യത്ത് ആവശ്യമായ തൊഴിലാളികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കർശനമായ വ്യവസ്ഥകളോടെ കുവൈത്തിന് പുറത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ഇപ്പോൾ തൊഴിലുടമകൾക്ക് അനുമതി നൽകിയിട്ടുള്ളത്.

Related News