കർശന ട്രാഫിക്ക് പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 23,744 നിയമലംഘനങ്ങൾ

  • 30/04/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി കർശന ട്രാഫിക്ക് പരിശോധന തുടർന്ന് അധികൃതർ. ഈ മാസം 20 മുതൽ 26 വരെ നടത്തിയ പരിശോധനകളിൽ 23,744 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂർത്തിയാകാത്തവരെ പിടികൂടി, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിന് 36 വ്യക്തികളെ കസ്റ്റഡിയിലെടുത്തു. നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി ആറ് ഗവർണറേറ്റുകളിലും ട്രാഫിക് പോലീസ് പരിശോധന നടത്തി.

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 200 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് ​ഗ്യാരേജിലേക്ക് മാറ്റി. ഈ കാലയളവിൽ മൊത്തം 1,542 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 248 എണ്ണം ഗുരുതരമായ അപകടങ്ങളാണ്. കൂടാതെ, 1,394 ചെറിയ അപകടങ്ങളും ഉണ്ടായി. റോഡിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ആ​ഹ്വാനം ചെയ്തു.

Related News