നഗരസഭാ കത്ത് വിവാദം; സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും

  • 10/11/2022

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻറെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും. ആനാവൂരിൻറെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് സംഘം റിപ്പോർട്ട് നൽകും. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.

വിവാദമായ കത്ത് വ്യാജമാണെന്ന നിലപാട് നഗരസഭയും സിപിഐഎമ്മും ആവർത്തിക്കുന്നതിനിടെയാണ് അന്വേഷണ സംഘം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാട് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പിലും ആനാവൂർ ആവർത്തിക്കാനാണ് സാധ്യത. കത്ത് കൃത്രിമമാണെന്ന മൊഴിയാണ് മേയർ ആര്യാ രാജേന്ദ്രനും ജീവനക്കാരും നൽകിയത്.

ഇതോടെ വ്യാജ കത്ത് തയ്യാറാക്കിയതിൽ കേസെടുത്ത് അന്വേഷണം വേണമെന്ന റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. സംഭവത്തിൽ കേസെടുത്തില്ലേയെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ച പശ്ചാത്തലത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ഹൈക്കോടതി ആവശ്യപ്പെട്ടാൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വ്യക്തമാക്കുമെന്ന് മേയറുടെ ഓഫിസ് വ്യക്തമാക്കി. മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിൻറെയും ബിജെപിയുടെയും സമരം ഏഴാം ദിവസവും തുടരും. മേയർ രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.

Related News