322 കിലോ ഹാഷിഷ് കടത്ത്, നാലുപേരുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി

  • 18/12/2025


കുവൈത്ത് സിറ്റി: കടൽമാർഗ്ഗം വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് നസർ സലീം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയുടെ രണ്ടാം സർക്യൂട്ടാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിൽപനയ്ക്കായി 322 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം.

ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിലൂടെയാണ് ഈ വൻ ലഹരിവേട്ട നടന്നത്. കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ വലിയ രീതിയിലുള്ള ലഹരി കൈമാറ്റം നടക്കുമെന്ന് ഡിസിജിഡിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റഡാർ നിരീക്ഷണത്തിൽ ഇറാനിൽ നിന്നുള്ള ഒരു കപ്പലും ലഹരിമരുന്ന് ഏറ്റുവാങ്ങാൻ എത്തിയ സ്പീഡ് ബോട്ടും കണ്ടെത്തുകയായിരുന്നു. സമുദ്രമധ്യത്തിൽ വെച്ച് ലഹരി കൈമാറുന്നതിനിടെയാണ് പ്രതികളെ അധികൃതർ വളഞ്ഞത്. എട്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 322 കിലോ ഹാഷിഷ് ഇവരില് നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 
കേസിലെ പ്രതികളിൽ ഒരാൾ നിലവിൽ കുവൈത്ത് സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണെന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

Related News