കുവൈത്ത് അമീറിന് ഭരണവാർഷിക ആശംസകൾ നേർന്ന് കത്തോലിക്കാ സഭ; മതസഹിഷ്ണുതയെ പ്രകീർത്തിച്ചു

  • 19/12/2025



കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അധികാരമേറ്റതിന്റെ രണ്ടാം വാർഷിക വേളയിൽ രാജ്യത്തെ കത്തോലിക്കാ സഭ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അപ്പോസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയെ പ്രതിനിധീകരിച്ച് ഫാദർ സുലൈമാൻ ഹൈഫാവിയാണ് സഭയുടെ ഔദ്യോഗിക സന്ദേശം കൈമാറിയത്. അമീറിന് ആയുരാരോഗ്യവും ദീർഘായുസ്സും നേർന്ന സഭ, അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ കുവൈത്ത് കൈവരിച്ച നേട്ടങ്ങളെ പ്രത്യേകം പരാമർശിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അമീറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ രാജ്യം വികസനത്തിന്റെയും സുസ്ഥിരതയുടെയും പാതയിൽ വലിയ മുന്നേറ്റമാണ് നടത്തിയത് എന്ന് ഫാദർ സുലൈമാൻ ഹൈഫാവി പറഞ്ഞു. നീതി, സമാധാനം, ഐശ്വര്യം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള ഉറച്ച ചുവടുവെപ്പുകളാണ് കുവൈത്തിൽ ദൃശ്യമാകുന്നത്. സമാധാനപൂർണ്ണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അമീർ പുലർത്തുന്ന ജാഗ്രത പ്രശംസനീയമാണെന്നും സഭ വ്യക്തമാക്കി.രാജ്യത്തെ മതസഹിഷ്ണുതയെയും ആരാധനാ സ്വാതന്ത്ര്യത്തെയും അമീർ തുടർച്ചയായി പിന്തുണയ്ക്കുന്നതിനെ കത്തോലിക്കാ സഭ ഏറെ വിലമതിക്കുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ പരസ്പര ധാരണയും സ്നേഹവും സഹവർത്തിത്വവും നിലനിർത്തുന്നതിൽ കുവൈറ്റ് ഒരു മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News