കുവൈറ്റ് എയർപോർട്ട് വീണ്ടും സജീവം, പ്രവാസികളുടെ മടക്കം ആരംഭിച്ചു.

  • 01/08/2021

കുവൈത്ത് സിറ്റി: വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച മന്ത്രിസഭ തീരുമാനം നടപ്പാക്കി തുടങ്ങി. ഇന്ന് രാവിലെയുള്ള വിമാനങ്ങളില്‍ നൂറുകണക്കിന് പ്രവാസികളാണ് കുവൈത്തിലേക്ക് മടങ്ങി എത്തിയത്. തുര്‍ക്കിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ളവരാണ് ആദ്യം എത്തിയത്. ഇന്ന് എത്തിയ പ്രവാസികളിൽ ഭൂരിഭാഗവും ലെബനൻ, ജോർദാൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

കുവൈത്തിലേക്ക് മടങ്ങിയെത്താനായതില്‍ പ്രവാസികള്‍ സന്തോഷം പ്രകടിപ്പിച്ചു. വളരെ ആസൂത്രണ മികവോടെ ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അല്‍ അലിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതോടെ എത്തിച്ചേരുന്നതും വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതും പ്രവാസികള്‍ക്ക് എളുപ്പമായി. നടപടിക്രമങ്ങള്‍ വളരെ എളുപ്പമായിരുന്നുവെന്നും ബുദ്ധിമുട്ട് ഒന്നും കൂടാതെ കുവൈത്തിലേക്ക് എത്താനായെന്നും പ്രവാസികള്‍ പ്രതികരിച്ചു. 

ഇന്ന് കുവൈറ്റിൽ എത്തേണ്ട മറ്റ് വിമാനങ്ങൾ ദുബായിൽ നിന്നും ദോഹയിൽ നിന്നുമാണ്. അതേസമയം, ഇന്ത്യക്കാരുടെ പ്രവേശനം ഇപ്പോഴും അനിശ്ചിതത്വത്തിൽ ആണ്, നേരിട്ടുള്ള പ്രവേശനമോ, മറ്റൊരു രാജ്യം വഴിയോ കുവൈത്തിലേക്ക് വരാനാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഈക്കാര്യത്തിൽ വ്യക്‌തത വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാരായ പ്രവാസികൾ. 

Related News