തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത്; കര്‍ശനമായി നടപ്പാക്കാൻ കുവൈത്ത്

  • 18/07/2025


കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം കര്‍ശനമായി നടപ്പാക്കാൻ കുവൈത്ത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം മാൻപവർ അതോറിറ്റി (PAM) നടപടികൾ തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുകയോ പ്രാദേശിക ബാങ്കുകളിൽ കൃത്യമായി നിക്ഷേപിക്കാതിരിക്കുകയോ ചെയ്യുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഫയലുകൾ അതോറിറ്റി താൽക്കാലികമായി നിർത്തിവച്ചു. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി.

ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നീക്കം. തൊഴിലാളികളുടെ ഫയലുകൾ പുതുക്കുന്നതിനോ മറ്റ് തൊഴിലുടമകളിലേക്ക് മാറുന്നതിനോ ഈ താൽക്കാലിക നിർത്തിവെപ്പ് തടസമാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിൽ സംബന്ധിച്ച നിയമം നമ്പർ 6/2010-ലെ ആർട്ടിക്കിൾ 57 അനുസരിച്ചാണ് ഈ നടപടി. അഞ്ച് തൊഴിലാളികളിൽ കുറയാത്തവരെ നിയമിക്കുന്ന തൊഴിലുടമകൾ അവരുടെ ശമ്പളം പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുടെ പകർപ്പുകൾ അതോറിറ്റിക്ക് സമർപ്പിക്കാനും ബാധ്യസ്ഥരാണ് എന്ന് ഈ നിയമത്തിൽ പറയുന്നു.

Related News