വേൾഡ് ബ്ലഡ് ഡോണേഴ്‌സ് ഡേയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 15/06/2025


കുവൈത്ത്: ലോക രക്തദാന ദിനമായ ജൂൺ 14-ന്, പണവിനിമയ രംഗത്ത് കുവൈത്തിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ അൽ അൻസാരി എക്സ്ചേഞ്ച്, ബ്ലഡ് ഡോണേഴ്‌സ് കേരള (BDK) കുവൈത്ത് ചാപ്റ്ററുമായി ചേർന്ന് ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാനത്തിന്റെ അവശ്യകതയും രക്തബാങ്കുകളിലുണ്ടാകുന്ന കുറവും പരിഗണിച്ചുകൊണ്ട് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ, അൽ അൻസാരി എക്സ്ചേഞ്ചിന്റെ മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ്ഓഫീസ് സ്റ്റാഫുകൾ, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ സജീവമായി പങ്കെടുത്തു.

ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ അൽ അൻസാരി എക്സ്ചേഞ്ച് ഓപ്പറേഷൻസ് ഹെഡ് ശ്രീനാഥ് ശ്രീകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. BDK ജനറൽ കൺവീനർ നിമിഷ് കാവാലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

BDK ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ രക്തദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത് മോഹൻദാസ് ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതയെയും ആശയവിനിമയ ചിട്ടകളെയും കുറിച്ചും വിശദമായി പങ്കുവെച്ചു.

മാർട്ടിൻ മാത്യു, അസദുള്ള, രതീഷ് റാവു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്യാമ്പിൽ അൽ അൻസാരി എക്സ്ചേഞ്ച് BDK-യുടെ കോർപ്പറേറ്റ് പാർട്ണർ ആയി ചേർന്നതിന്റെ ഭാഗമായി, ഓദ്യോഗിക ടിഷർട്ട് ലോഞ്ച് ചടങ്ങും സംഘടിപ്പിച്ചു.

ക്യാമ്പിന്റെ പ്രവർത്തനങ്ങൾ BDK പ്രവർത്തകരായ സോഫി രാജൻ, ജിഞ്ചു ചാക്കോ, ഷൈറ്റസ് തോമസ്, മുരളി വാഴക്കോടൻ, രാജേഷ് പരപ്പ എന്നിവർ നിർവ്വഹിച്ചു. BDK ജോയിന്റ് കൺവീനർ നളിനാക്ഷൻ സ്വാഗതവും, അൽ അൻസാരി എക്സ്ചേഞ്ച് ഫിനാൻസ് മാനേജർ അരുൺരാജ് നന്ദിയും അറിയിച്ചു.

രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും താഴെ പറയുന്ന നമ്പറിൽ ബി ഡി കെ കുവൈറ്റുമായി ബന്ധപ്പെടാവുന്നതാണ്.
+965 69997588

Related News