'നന്മകള്‍ തുടരണം.. ധൂര്‍ത്തുകള്‍ തടയണം'

  • 22/07/2022



(നിസാര്‍ അലങ്കാര്‍-കുവൈത്ത്)

പ്രിയ സഹോദരാ, ഇത് പ്രവാസിയുടെ ഒരാത്മഗതമാണ്, ജീവിതഗന്ധിയായ അനുഭവങ്ങളാണ്. നാളെയൊരുദിനം പ്രവാസത്തിന് വിരാമം കുറിച്ച് ആത്മനിർവൃതിയോടെ നാടണയാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ കുറിപ്പ് നിങ്ങള്‍ക്ക് വേണ്ടിയാണ്.

അനുഭവങ്ങളുടെ പ്രവാസം

ഗൃഹാതുരത്വത്തിന്റെ ഉള്ളുരുക്കങ്ങള്‍ക്കിടയിലും, നല്ലൊരു നാളെയുടെ പ്രതീക്ഷകളുമായി ഇന്നിന്റെ സുഖാനുഭവങ്ങളെ ത്യജിക്കുന്നവര്‍. പ്രിയപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താനായി സ്വയം ഒതുങ്ങി ജീവിക്കുന്ന സഹജബോധത്തിന്റെ വക്താക്കള്‍.

പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമാണ് അങ്ങവിടെ കടല്‍ കടന്ന്അത്തറിന്റെ പരിമളമായി പരക്കുന്നത്. അവന്റെ നിത്യജീവിതത്തിലെ അസൗകര്യങ്ങളാണ് നാട്ടിലെ വിശാലമായ സൗകര്യങ്ങള്‍ക്ക് നിദാനമാകുന്നത്.

എല്ലാ സുഖസൗകര്യങ്ങളുമുള്ള വിശാലമായ വീടുകളില്‍ ഇടുങ്ങിയ മനസ്സുമായി കഴിയുന്നവര്‍ക്കുള്ള ഒരു പാഠപുസ്തകമാണ് ഓരോ പ്രവാസ ജീവിതവും.

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്. മധുര കരിമ്പാണ്. മധുവൂറും വണ്ടാണ്. ചാനലുകളിലെല്ലാം പലപ്പോഴും പ്രസ്താവനകളുടെ പൊടിപൂരമായിരിക്കും. എന്നാല്‍ അനിവാര്യമായ അവരുടെ തിരിച്ചു പോക്കില്‍ നേരിടേണ്ടി വരുന്നത് അവശതയും അവഗണനയും  മാത്രം. നാടണഞ്ഞവര്‍ ഒത്തു പോകാനാവാതെ
നട്ടം തിരിയുകയുമാണ്.

തിരിച്ചറിവിന്റെ പ്രവാസം

കോവിഡ് പ്രതിസന്ധികള്‍ നിറഞ്ഞിരുന്ന പരീക്ഷണ കാലഘട്ടങ്ങളില്‍  പ്രവാസാനന്തര ജീവിതത്തിന്റെ നേര്‍കാഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒട്ടേറെ ദുരിതാനുഭവങ്ങള്‍ക്കാണ് നാം പലപ്പോഴും സാക്ഷ്യം വഹിക്കേണ്ടി വന്നത്.

അല്ലെങ്കിലും അവരുടെയൊക്കെ താത്പര്യം പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക ശേഷിയോടാണ്.അല്ലാതെ ആ സമൂഹത്തില്‍ നിന്നും ഇറങ്ങി, ഒറ്റയാനായി ഒരുപാട് പ്രയാസങ്ങളുടെ അകമ്പടിയോടെ നാടണയുന്ന കേവലം ഒരു പ്രവാസിയോടല്ല.

ചെയ്തു കഴിഞ്ഞ സഹായങ്ങളാലല്ല, ചെയ്തു കൊണ്ടിരിക്കുന്ന  സഹായങ്ങളാലാണ് നാം പ്രിയപ്പെട്ടവരാകുന്നത്.

ഗൗരവതരമായ ഒരു പുനര്‍ചിന്തനത്തിന് നാം തയ്യാറാവേണ്ടതുണ്ട്. ഉള്ളറിഞ്ഞുളള പ്രായോഗികമായ സമീപനമാണ് നമുക്ക് വേണ്ടത്.

ക്രിയാത്മകമായ ഒരു മാറ്റത്തിന് ഇനിയും നാം തയ്യാറായില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ട് കുടുംബത്തിനും സമൂഹത്തിനും മുന്നില്‍ അപഹാസ്യരായി ജീവിക്കേണ്ടി വരുന്ന കാലം വിദൂരമല്ല.

മാറ്റത്തിന്റെ പ്രവാസം

മാറേണ്ടത് വീട്ടുകാരും നാട്ടുകാരുമല്ല.മറിച്ച് നമ്മളാണ്.നമ്മുടെ സമീപനങ്ങളാണ്. ഇതാ ഇവിടെ കുറിച്ചിടുന്ന കാര്യങ്ങള്‍  ജീവിതത്തില്‍ പകര്‍ത്താമെന്ന് നാമോരോരുത്തരും പ്രതിജ്ഞയെടുക്കുക. നമ്മുടെ പരിഗണനകളും മുന്‍ഗണനകളും യാഥാര്‍ത്യബോധം ഉള്‍ക്കൊണ്ടാവട്ടെ!

1) നമ്മുടെ ആത്മീയ ഉണര്‍വിനും, മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കുക.

2) നാട്ടിലേക്ക് ലീവിന് പോകുമ്പോള്‍ ഗള്‍ഫുകാരന്‍ എന്ന സോഷ്യല്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ വേണ്ടി ചെയ്യുന്ന ധൂര്‍ത്തുകളും കോപ്രായങ്ങളും അവസാനിപ്പിക്കുക.

3) ഇല്ലാത്ത കാശുണ്ടാക്കി പണവും സമ്മാനങ്ങളും കൊടുത്ത് എല്ലാവരുടെയും പ്രീതിയും സ്നേഹവും വിലക്ക് വാങ്ങുന്ന ഏര്‍പ്പാട് നിര്‍ത്തി വെക്കുക.സ്വന്തം സാമ്പത്തിക നിലയനുസരിച്ച് മാത്രം ഷോപ്പിംഗ് നടത്തുക.

4) സംഭാവനകള്‍ നല്‍കുമ്പോഴും,മറ്റു ചെലവുകള്‍ ചെയ്യുമ്പോഴും ആര്‍ഭാടം, ആവശ്യം, അത്യാവശ്യം ഇതൊക്കെ അന്വേഷിച്ച് മാത്രം ചെയ്യുക.വളരെ കുറഞ്ഞ വേദനത്തിന് ജോലി ചെയ്യുന്ന പ്രവാസികള്‍ പോലും നാട്ടിലെ ഉയര്‍ന്ന ശമ്പളക്കാരും മറ്റു സമ്പന്നരേക്കാളുമൊക്കെ വലിയ തുക സംഭാവന നല്‍കേണ്ടി വരുന്ന അലിഖിതമായ നടപ്പുകളൊക്കെ പൊളിച്ചെഴുതുക.സംഭാവന നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നല്ല രീതിയില്‍ അതു തുറന്നു പറയാന്‍ തയ്യാറാവുക.

5) പ്രദേശത്തെ ഗള്‍ഫുകാരുടെ എണ്ണം നോക്കി വലിയ പ്രോജക്ടുകള്‍ തയ്യാറാക്കുന്നവര്‍,അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ  വാട്ട്സാപ്പ്  ഗ്രൂപ്പിലൂടെയും മറ്റും ഗള്‍ഫുകാരെ മാത്രം ടാര്‍ജറ്റ് ചെയ്ത് പണപ്പിരിവ് നടത്തുന്നവര്‍, എന്നിവരോടെക്കെ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം സഹകരിക്കുക..

6) റൂമിലേക്ക് വരുന്ന വഴിയില്‍ നിര്‍ത്തിയിട്ട അറബിയുടെ ബെന്‍സ് കാറിന് മുന്നില്‍ നിന്നും സെല്‍ഫിയെടുത്ത് ഗള്‍ഫുകാരനെന്ന ഗമ കാണിക്കാന്‍ വേണ്ടി നാം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നാളെ നമുക്ക് തന്നെ വിനയാകുമെന്ന കാര്യം ഓര്‍ക്കുക.

7) കണിശമായ സാമ്പത്തിക അച്ചടക്കത്തിലൂടെ വിവാഹങ്ങളിലെയും മറ്റു ആഘോഷങ്ങളിലെയും അമിതവ്യയം ഇല്ലാതാക്കുക.നമ്മളയക്കുന്ന പണം ഇത്തരം ദുര്‍വ്യയങ്ങള്‍ക്ക് കാരണമാകുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

8) വീട് നിര്‍മ്മാണത്തിന് നമ്മുടെ അവശ്യ സൗകര്യങ്ങളും സാമ്പത്തിക സ്ഥിതിയും മാത്രം മാനദണ്ഡമാക്കുക. മറ്റു കുടുംബക്കാരുടെയും അയല്‍വാസികളുടെയും വീടിന്റെ വലിപ്പവും സുഖസൗകര്യങ്ങളും നമ്മെ ഒരു തരത്തിലും സ്വാധീനിക്കരുത്.

9) നമ്മുടെ വരുമാനത്തെയും സമാധാനത്തെയും കാര്‍ന്നു തിന്നുന്ന ബാങ്ക് ലോണ്‍ മറ്റു പലിശ ഇടപാടുകളില്‍ നിന്നെല്ലാം പൂര്‍ണ്ണമായും മാറി നില്‍ക്കുക.

10) ഒരു ആറ് മാസത്തേക്കെങ്കിലുമുള്ള അത്യാവശ്യ ജീവിത ചെലവുകള്‍ക്കുള്ള ധനം (Financial Security Fund) നിര്‍ബന്ധമായും കരുതി വെക്കുക. നാട്ടിലെ പാഴ്ചെലവുകള്‍ പിടിമുറിക്കിയാല്‍  നമുക്കിവിടെ പിരിമുറുക്കം കുറക്കാമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക.

ആശ്വാസത്തിന്റെ പ്രവാസം***

ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റിനെയും,പിരിമുറക്കം നിറഞ്ഞ ജീവിത സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് , വര്‍ഷങ്ങള്‍ നീണ്ട പ്രവാസാനുഭവങ്ങളിലൂടെ നാം സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന ഹൃദയ വിശാലതയും,ത്യാഗ മനോഭാവവുമാണ് നമ്മുടെ ഏറ്റവും വലിയ  സമ്പാദ്യം.

സാമ്പത്തിക അഭിവൃദ്ധി ഒന്നുകൊണ്ട് മാത്രം നമുക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരില്ല. ആത്മീയമായ ഉണര്‍വ്,മാനസികവും ശാരീരികവുമായ ആരോഗ്യം,ഊഷ്മളമായ വ്യക്തി  ബന്ധങ്ങള്‍, സേവന മനസ്കത 
എല്ലാം ചേര്‍ന്നൊരു ജീവിതമാണ് നമുക്ക് ആശ്വാസത്തിന് വക നല്‍കുന്നത്.

നാട്യങ്ങളില്ലാതെ പ്രത്യുപകാര പ്രതീക്ഷകളൊന്നുമില്ലാതെ നാം ചെയ്യുന്ന നന്മകള്‍... ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ എവിടെയും ചേര്‍ക്കപ്പെടാത്ത അത്തരം നന്മകള്‍ ചേര്‍ന്നലിയാതെ പ്രവാസി എന്ന ഒരു വാക്കുമില്ല. പ്രവാസം എന്നൊരു ജീവിതവുമില്ല.

'ഏതൊരു ജനപഥവും സ്വന്തം നിലപാടുകള്‍ പരിവര്‍ത്തന വിധേയമാക്കുന്നതുവരെയും അല്ലാഹു അതില്‍ മാറ്റംവരുത്തില്ല തന്നെ.' (വിഃഖുര്‍ആന്‍  13 :11).

Related Blogs