തറാവീഹ് നമസ്കാരത്തിന് അനുവദിച്ച സമയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

  • 14/04/2021

കുവൈത്ത് സിറ്റി : റമദാനിലെ പ്രത്യേക നമസ്കാരമായ തറാവീഹ് നമസ്കാരത്തിന് അനുവദിച്ച സമയം വളരെ കുറഞ്ഞതാണെന്നും അത് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യം ശക്തമായി ഉയരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തറാവീഹ് നമസ്കാരം പതിനഞ്ച് മിനുട്ടിനുള്ളില്‍ തീര്‍ക്കണമെന്ന് നിര്‍ദ്ദേശം ഓഖാഫ് മന്ത്രാലയം പള്ളികളിലെ ഇമാമുകള്‍ക്ക് നല്‍കിയത്. സമയം കുറവായതിനാല്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം നടത്തുവാനും നമസ്കാരത്തിലെ കൃത്യങ്ങള്‍ നിര്‍വ്വഹിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും പതിവിന് വിരുദ്ധമായി ധൃതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതായും വിശാസികള്‍ പരാതിപ്പെട്ടു. ഓരോ നന്മകള്‍ക്കും മറ്റുള്ള മാസങ്ങളെക്കാള്‍ കൂടുതല്‍ പുണ്യം ലഭിക്കുന്ന മാസത്തില്‍ ആരാധനകള്‍ അതിന്‍റെ പവിത്രതയോടെ നിര്‍വ്വഹിക്കുവാന്‍ വിശ്വാസികള്‍ക്ക് അനുമതി വേണമെന്നാണ് ആവശ്യം ഉയര്‍ന്നത്. ഇമാമുകള്‍ തിടുക്കത്തില്‍ പ്രാർത്ഥന നടത്തുന്നത് പ്രായമായവര്‍ക്ക് പിന്തുടരുവാന്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതികളുണ്ട്. റമദാനിലെ പ്രധാനപ്പെട്ട പ്രാര്‍ഥനയായ തറാവീഹ് നമസ്കാരം അര മണിക്കൂറില്‍ കുറയാത്ത സമയം അനുവദിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് കര്‍ശനമായ നിബന്ധനകളോടെയാണ് പള്ളികളില്‍ പ്രാര്‍ഥന നടക്കുന്നത്. സാമൂഹ്യ അകലം പാലിച്ചും മാസ്കുകള്‍ ധരിച്ചുമാന് വിശ്വാസികള്‍ പള്ളികളില്‍ എത്തുന്നത്.

Related News