കാഴ്ച്ചകാരുടെ മനം കവർന്ന സർഗോത്സവ വേദിയായി ബാലകലാമേള 2025

  • 05/05/2025



കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് സംഘടിപ്പിച്ച ബാലകലാമേള 2025 കാഴ്ച്ചകാരുടെ കണ്ണും മനസും കവർന്ന വേദിയായി.കുവൈറ്റിലെ 28 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 1000ത്തോളം വരുന്ന മത്സരാർത്ഥികൾ പങ്കെടുത്ത ബാലകലാമേളയിൽ പന്ത്രണ്ട് വേദികളിലായി പതിനെട്ട് മത്സരയിനങ്ങൾ അരങ്ങേറി.

കിന്റർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി ഭാരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ്‌, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക്, മോണോ ആക്ട്, റെസിറ്റേഷൻ(ഇംഗ്ലീഷ് &മലയാളം), സ്റ്റോറി ടെല്ലിങ്, Elocution (ഇംഗ്ലീഷ് &മലയാളം), Essay writing (english) തുടങ്ങിയ കാറ്റഗറി കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി 3 പുതിയമത്സര ഇനങ്ങളായ Mime, ഒപ്പന, ഗ്രൂപ്പ് സോങ് തുടങ്ങിയവയും കുട്ടികളിലും മുതിർന്നവരിലും ആവേശം പകർന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ വിവിധ വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. വേദികൾ ഓരോന്നിനും വ്യത്യസ്തങ്ങളായ പേര് നൽകിയതും ആകർഷകമായി. മെയിൻ സ്റ്റേജ് ഗുൽമോഹർ എന്നും മറ്റു സ്റ്റേജുകൾ മാനവീയം, പ്രയാണം, ദ്യുതി, തരംഗം, ജ്വാല, മയൂഖം, അതിജീവനം, കേരളീയം, യവനിക, അക്ഷരം, മഴവില്ല് എന്നിങ്ങനെ പേരും നൽകി.

വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ തുടങ്ങിയ പരിപാടി രാത്രി വരെ നീണ്ടു നിന്നു. കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ മലയാളി വിദ്യാർത്ഥികൾക്ക് പുറമെ ഇതര സംസ്ഥാങ്ങളിൽ നിന്നുള്ളവരും ബാലകലാമേള 2025 ൽ മാറ്റുരച്ചു. ആവേശം നിറഞ്ഞ മത്സരങ്ങൾ കാണാൻ മൂവായിരത്തോളം ആളുകളാണ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ എത്തിയത്.

കല കുവൈറ്റ്‌ പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്‌ഘാടന ചടങ്ങ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്‌, ബാലകലാമേള 2025 സ്വാഗതസംഘം ജനറൽ കൺവീനർ ബിജോയ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് ബിജോയ് നന്ദി പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം കല കുവൈറ്റ്‌ ഭാരവാഹികൾ നിർവഹിച്ചു.

Related News