ആരോഗ്യത്തോടെ പുതുവർഷം

  • 01/01/2021

ആർക്കുവേണ്ടിയും കാത്തു നിൽക്കാത്ത കാലത്തിന്റെ നിത്യപ്രവാഹത്തിൽ തന്റെ കർത്തവ്യങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം പറന്നകന്ന സുഖദുഃഖസമ്മിശ്രമായ,സംഭവബഹുലമായ 2020 എന്ന വർഷത്തിന്റെ ചിറകടി ശബ്ദം നാം കേട്ടുകഴിഞ്ഞു.പ്രഭാത പൂരകത്തോടെ ഉദിച്ചുയരുന്ന 2021 എന്ന നവ വത്സരത്തെ പുത്തൻ പ്രതീക്ഷകളോടെ നാം വരവേൽക്കുകയാണ് .പുതുവർഷം മോഹനപ്രതീക്ഷകളുടെ ഭണ്ഡാരപ്പെട്ടിയാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം .പുതുവർഷത്തിൽ ആരോഗ്യത്തോടെ ജീവിക്കാമെന്ന പ്രതിജ്ഞയുമായി നമുക്ക് തുടങ്ങാം .ആരോഗ്യം സർവ്വധനാൽ പ്രധാനം എന്നല്ലേ .ആരോഗ്യമുണ്ടെങ്കിൽ ജീവിതത്തിലെ മറ്റെല്ലാ നേട്ടങ്ങളും കൈപ്പിടിയിൽ ഒതുക്കുവാൻ സാധിക്കും .നാം കഴിക്കുവാൻ തെരഞ്ഞെടുക്കുന്ന ഓരോ ഭക്ഷണപദാർത്ഥങ്ങളും നമ്മുടെ ജീവിത ശൈലിയേയും ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും .

ജീവിതം സുന്ദരമാക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു പുതുവത്സര പുലരിപോലെ അനുയോജ്യമായ മറ്റൊരവസരം ഇല്ല .”ആരോഗ്യമുള്ളവന് ആശയുണ്ട് ,ആരോഗ്യമുള്ളവന് എല്ലാം ഉണ്ട് “ആരോഗ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ പേർഷ്യൻ പഴമൊഴിക്ക് എക്കാലവും പ്രസക്തിയുണ്ട് .ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ സന്തുഷ്ടമായ മനസ്സ് ഉണ്ടായിരിക്കയുള്ളു .അതുപോലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരവും ഉണ്ടായിരിക്കയുള്ളു .നാം ഏവരും ആഗ്രഹിക്കുന്നത് സ്വസ്ഥതയും സമാധാനവും ഉള്ള ജീവിതമാണ് .

മനുഷ്യജീവിതത്തിൽ സന്തോഷം നിറയണമെങ്കിൽ സമ്പത്ത് ,നല്ല ജോലി ,നല്ല ശീലങ്ങൾ ,സന്തുഷ്ടമായ കുടുംബജീവിതം ,നല്ല അയൽക്കാർ ,യാത്രചെയ്‌യുന്നതിനു സ്വന്തമായി നല്ല വാഹനങ്ങൾ എന്നിവ ആവശ്യമാണ് .പക്ഷേ നല്ല ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഉള്ളവരുടെ ജീവിതത്തിൽ മാത്രമേ ഈ ഘടകങ്ങൾക്ക്‌ പ്രസക്തിയുള്ളൂ .പലപ്പോഴും നാം ആരോഗ്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നത് മധ്യവയസ്സിൽ എത്തിയതിനുശേഷം മാത്രമായിരിക്കും .രോഗം വന്നാലും സാരമില്ല ,നല്ല ചികിത്സാ സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ എവിടെയും ലഭ്യമാണല്ലോ എന്ന അമിത വിശ്വാസത്തോടെ കഴിയുന്നവരും നിരവധിയാണ് .ഇക്കൂട്ടർ ഏതെങ്കിലും ഗുരുതരമായ രോഗാവസ്ഥയിൽ എത്തിക്കഴിഞ്ഞശേഷം ചികിത്സക്കായി വിവിധ ആശുപത്രികളിൽ കയറി ഇറങ്ങുമ്പോഴായിരിക്കും കാര്യങ്ങൾ തങ്ങൾ വിചാരിച്ചതുപോലെ നിസ്സാരമല്ല എന്ന് മനസ്സിലാക്കുന്നത് .

ജീവിതശൈലീ രോഗങ്ങളെ കീഴ്‌പ്പെടുത്തി പ്രത്യാശാഭരിതമായ ജീവിതം നയിക്കണമെങ്കിൽ രോഗപ്രധിരോധമാണ് ചികിത്സയേക്കാൾ അഭികാമ്യം എന്നതാണ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം .പക്ഷേ ഇന്ന് നാം ജീവിക്കുന്നത് രോഗ പ്രതിരോധത്തിന്റെ മാർഗ്ഗങ്ങൾ മറന്നുകൊണ്ട് അമിത വൈദ്യവൽക്കരണത്തിന്റെ പിടിയിലാണ് .ഉദാഹരണമായി ഹൃദയസമ്മന്ധമായ രോഗങ്ങൾ ,വൃക്കരോഗങ്ങൾ ,കരൾ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിന് നാം ജാഗ്രത കാണിക്കാത്തതിനാൽ നൂറുശതമാനം സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കൊച്ചു കേരളത്തിൽ ഹൃദ്രോരോഗികളുടെയും  ,വൃക്കരോഗികളുടെയും  ,കരൾ രോഗികളുടെയും എണ്ണം ഭീതിജനകമായ രീതിയിൽ വർധിച്ചുവരികയാണ് .അതിനാൽ രോഗങ്ങൾ നമ്മെ വരിഞ്ഞു മുറുക്കി നിരാശയുടെ പടുകുഴിയിൽ തള്ളിയിടാതിരിക്കാൻ എത്രെയും നേരെത്തെ ശ്രദ്ധിക്കുന്നുവോ അത്രെയും നല്ലത് .

പുതുവത്സരത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാഗ്രഹിക്കാത്ത ആരുമില്ലെന്ന് തന്നെ പറയാം .എന്നാൽ നടപ്പാക്കിത്തുടങ്ങുന്ന പലതും ശീലമാക്കിത്തുടരാൻ കഴിയാതെ വരുമ്പോൾ ‘എനിക്കിതൊന്നും പറഞ്ഞിട്ടില്ലെന്ന് ‘ചിന്തിച്ചു ‘ശങ്കരൻ വീണ്ടും തെങ്ങേൽത്തന്നെ’യെന്ന മട്ടിലാവരുത് .നമ്മുടെ ബാല്യകാലം മാത്രം ചിന്തിച്ചാൽ ഇതിന് പരിഹാരമുണ്ട് .നാമെല്ലാം നടക്കാൻ പഠിച്ചത് പലതവണ വീണിട്ടാണല്ലേ ?നടക്കാൻ ശ്രമിച്ചപ്പോൾ വീണുപോയല്ലോയെന്നോർത്തു ആ ശ്രമം ഉപേക്ഷിച്ചിരുന്നെങ്കിൽ നമ്മുടെ ഭാവി എന്താകുമായിരുന്നു .അതിനാൽ ജീവിതത്തിൽ നല്ല ശീലങ്ങൾ നടപ്പിലാക്കാൻ നാം ക്ഷമയോടെ ആവർത്തിച്ച് ശ്രമിക്കുക തന്നെ വേണം .


നമ്മുടെ ജീവിതത്തിന്റെ നാളുകൾ നെയ്തോടത്തിലും വേഗത ഏറിയവയാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം .ലഹരി മരുന്നുകൾ ഉപേക്ഷിച്ചും ,വ്യായാമം ,സമീകൃതാഹാരം ,സമ്മർദ്ദരഹിത ജീവിതം എന്നിവ ശീലമാക്കിയും സ്വന്തം ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുവാനുള്ള വർഷമാക്കി പുതുവത്സരത്തെ നമ്മുക്ക് മാറ്റാം . സമ്മർദ്ദരഹിത ജീവിതമാണ് പലർക്കും ബാലികേറാമല .എല്ലാവരും നമ്മെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യണമെന്ന പിടിവാശി നാം ഉപേക്ഷിക്കണം .’നിങ്ങൾ എല്ലായ്‌പ്പോഴും സ്നേഹത്തിന്റെ ഭാഷ മാത്രം ഉപയോഗിക്കുവിൻ ,അതിനു കഴിയാതെ വരുമ്പോൾ ദൈവഭാഷ (മൗനം )ഉപയോഗിക്കുവിൻ’എന്ന നിത്യചൈതന്യയതിയുടെ വാക്കുകൾ ഉൾക്കൊണ്ടാൽ  വ്യക്തിബന്ധങ്ങൾ ഉഷ്മളമാക്കുവാൻ സഹായകരമായിരിക്കും .എല്ലാ വായനക്കാർക്കും ആരോഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും പുതുവത്സരം നേരുന്നു .

Related Blogs