കുവൈറ്റ് സിറ്റിയില്‍ നിന്ന് ആലുവയിലേക്ക്; കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിച്ചു

  • 02/11/2020

കുവൈറ്റില്‍ നിന്നും ആലുവയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസോ. അതും ഇത്രേം ദൂരം. കേള്‍ക്കുമ്പോള്‍ ഇതെന്താ സംഭവം എന്നും തോന്നുമെങ്കിലും കാര്യം ഭയങ്കര സിമ്പിളാണ്. ഇത് കടലുകള്‍ക്ക് അപ്പുറമുള്ള കുവൈറ്റ് സിറ്റി അല്ല. ഇടുക്കിക്കാരുടെ സ്വന്തം കുവൈറ്റ് സിറ്റിയാണ്. ഇവിടെ നിന്നുമാണ് ആലുവയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. 

ഇടുക്കി മാങ്കുളത്തിനടുത്താണ് ഈ കുവൈറ്റ് സിറ്റി എന്ന കൊച്ചുനാട്. എങ്ങനെയാണ് ഈ സ്ഥലത്തിന് പേരു വന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കഥകളൊന്നുമില്ല. കുടിയേറ്റ കര്‍ഷകരാണ് ഇവിടെ കൂടുതലുള്ളത്. ഇടുക്കിയില്‍ ഈ കുവൈറ്റ് സിറ്റി മാത്രമല്ല കുട്ടപ്പന്‍ സിറ്റി, ആത്മാവ് സിറ്റി, തങ്കപ്പന്‍ സിറ്റി എന്നിങ്ങനെ കുറെ സിറ്റികള്‍ വേറെയുമുണ്ട്. 

രാവിലെ 6.40 ന് കുവൈറ്റ് സിറ്റിയില്‍ നിന്നും പുറപ്പെടുന്ന ബസ് ഏഴ് മണിക്കാണ് മാങ്കുളത്ത് എത്തുന്നത്. 8.45 ന് അടിമാലിയിലും 11.30 ന് ആലുവയിലും എത്തും. 12.30 ന് ബസ് തിരികെ നാട്ടിലേക്ക് മടങ്ങും. കുവൈറ്റ് സിറ്റിയില്‍ നിന്നും ആലുവയിലേക്കുള്ള ബസിന് വന്‍ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയിരിക്കുന്നത്. 




Related Articles