വാട്‌സാപ് സ്റ്റാറ്റസിലൂടെ പണം ഉണ്ടാക്കാം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

  • 08/10/2020

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിയ ഒരു സന്ദേശമായിരുന്നു വാട്‌സാപ് സ്റ്റാറ്റസിലൂടെ പണം ഉണ്ടാക്കാം എന്നത്. സന്ദേശത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ പലരും വാട്‌സാപ് സ്റ്റാറ്റസ് വഴിയും മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയും ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ വഞ്ചിതരാകരുത് എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്  പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കുറിപ്പിന്റെ പൂര്‍ണരൂപം

''തട്ടിപ്പിന്റെ പുതുവഴികള്‍: 
സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം
എന്ന രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം 
സ്റ്റാറ്റാസിലൂടെ  ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍  അവസരം  എന്ന രീതിയില്‍ വാട്‌സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും  ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ്  ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ്  വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത.  ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക''.

Related Articles