ഒടുവിൽ രക്തസമ്മർദം അറിയാനുള്ള സംവിധാനവും സ്മാർട് വാച്ചിലേക്ക്; പ്രഖ്യാപനവുമായി ഫിറ്റ് ബിറ്റ് കമ്പനി

  • 11/04/2021

മുംബൈ: ഒടുവിൽ രക്തസമ്മർദം അറിയാനുള്ള സംവിധാനവും സ്മാർട് വാച്ചിലേക്ക്. ഫിറ്റ് ബിറ്റ് എന്ന കമ്പനിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ബ്ലോഗിലൂടെയാണ് കമ്ബനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഗൂഗിൾ സമീപകാലത്ത് ഏറ്റെടുത്ത ഫിറ്റ് ബിറ്റ് എന്ന കമ്പനി രക്തസമ്മർദം അറിയാനുള്ള സംവിധാനം കൊണ്ടുവരാനായി സ്മാർട് വാച്ചിൽ ഒരു സെൻസർ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ചില ബ്രാൻഡുകൾ രക്തസമ്മർദ ട്രാക്കറുകൾ ഉപയോഗിച്ച്‌ സ്മാർട് വാച്ചുകൾ പരീക്ഷണം നടത്തിനോക്കിയിട്ടുണ്ടെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല.

ഫിറ്റ് ബിറ്റ് ഉപകരണങ്ങൾക്ക് രക്തസമ്മർദമളക്കാൻ എങ്ങനെ കഴിയുമെന്ന് പരിശോധിക്കാൻ അതിന്റെ ഗവേഷണ വിഭാഗമായ ഫിറ്റ്ബിറ്റ് ലാബ്സ് പഠനം ആരംഭിക്കുകയാണ്. രക്തസമ്മർദം എളുപ്പത്തിൽ അളക്കാനും നിരീക്ഷിക്കാനുമുള്ള കഴിവ് ഇന്നുവരെ അവ്യക്തമാണ്. മാത്രമല്ല, രക്തസമ്മർദ റീഡിങ്ങുകൾ പിടിച്ചെടുക്കാനുള്ള കഴിവിന്റെ കാര്യത്തിൽ ഇതുവരെ ഫലപ്രാപ്തി നേടാനായിട്ടില്ലെന്നും കമ്ബനി ബ്ലോഗിൽ വ്യക്തമാക്കുന്നു.

എന്തായാലും പുതിയ നീക്കത്തെ കഠിനമായ ശാസ്ത്രീയ വെല്ലുവിളിയായാണ് പദ്ധതിയെ നയിക്കുന്ന ഫിറ്റ് ബിറ്റ് പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഷെൽട്ടൻ യുവാൻ വിശേഷിപ്പിക്കുന്നത്.

Related Articles