കുവൈത്തിൽ നിർമ്മാണ സ്ഥലത്ത് മതിൽ തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

  • 09/12/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റായി പ്രദേശത്ത് നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിൽ മതിൽ തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരണപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായതെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. അടിയന്തര സന്ദേശം ലഭിച്ച ഉടൻ തന്നെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും, തിരച്ചിൽ-രക്ഷാ യൂണിറ്റുകളും പിന്തുണ യൂണിറ്റുകളും സ്ഥലത്തേക്ക് കുതിച്ചെത്തി. സ്ഥലത്തെത്തിയ സംഘം മറ്റ് കൂടുതല്‍ ഭാഗങ്ങൾ തകര്‍ന്ന് വീഴാതിരിക്കാൻ പ്രദേശം സുരക്ഷിതമാക്കി. നിർമ്മാണ സ്ഥലത്തെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും രക്ഷാപ്രവർത്തനം നടന്നു.

ഗുരുതരമായ പരിക്കുകൾ കാരണം രണ്ട് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അഗ്നിശമന സേനാംഗങ്ങൾ തകരാതെ അവശേഷിച്ച കെട്ടിട ഭാഗങ്ങൾ ശക്തിപ്പെടുത്തുകയും അധിക അപകടസാധ്യതകൾ ഒഴിവാക്കാൻ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. അടിയന്തര പ്രതികരണ നടപടികൾ പൂർത്തിയാക്കിയ ശേഷം ഫയർ ഫോഴ്‌സ് സംഘം സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മതിൽ തകർച്ചയുടെ കൃത്യമായ കാരണം കണ്ടെത്താനും നിർമ്മാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവോ എന്നും അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Related News