അഗ്നിരക്ഷാ സേനയുടെ മുന്നറിയിപ്പ്: വീടുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുക, ഗ്യാസ് ചോർച്ച തടയാനുള്ള നിർദ്ദേശങ്ങൾ

  • 02/12/2025




കുവൈത്ത് സിറ്റി: ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി പ്രതിരോധത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും അഗ്നിരക്ഷാ സേന അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് ജനറൽ ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് വ്യക്തമാക്കി. ലളിതമായ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നത് അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകൾക്കുള്ളിൽ ഗ്യാസ്, പുക ചോർച്ച കണ്ടെത്തുന്ന ഉപകരണങ്ങൾ സ്ഥാപിക്കാൻ അൽ ഗരീബ് ആഹ്വാനം ചെയ്തു. ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന ചോർച്ചകൾ മുൻകൂട്ടി കണ്ടെത്താൻ ഇത് ഫലപ്രദമായ മാർഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഉപയോഗത്തിനു ശേഷവും ഗ്യാസ് സിലിണ്ടറിൻ്റെ വാൽവ് അടച്ചിടുന്നത് വളരെ പ്രധാനമാണ്. പൈപ്പുകൾ കേടുകൂടാതെയിരിക്കുന്നുണ്ടെന്നും വിള്ളലുകളോ മറ്റ് തകരാറുകളോ ഇല്ലെന്നും ഉറപ്പാക്കാൻ പതിവായി പരിശോധിക്കുക.
സിലിണ്ടർ ചൂടിൽ നിന്നും തീപിടുത്ത സാധ്യതയുള്ള വസ്തുക്കളിൽ നിന്നും അകലെ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക. ചോർച്ച സംശയിച്ചാൽ ഉടൻതന്നെ ആ പ്രദേശം ഒഴിപ്പിക്കുക.

വായു സഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നിടണം. യാതൊരു കാരണവശാലും ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയോ ഓഫ് ചെയ്യുകയോ ചെയ്യരുത്, അതുപോലെ തീപ്പെട്ടി കത്തിക്കുകയോ വിളക്കുകൾ കത്തിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

Related News