സംരക്ഷിത വനമേഖലയിൽ പ്രവേശനം നിരോധിച്ചു: വേട്ടയാടിയാൽ നിയമനടപടി ഉറപ്പെന്ന് ആഭ്യന്തര മന്ത്രാലയം

  • 02/11/2025



കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പ്രകൃതി സംരക്ഷിത മേഖലകളിൽ അതിക്രമിച്ച് കടക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. സംരക്ഷിത കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതോ, വേട്ടയാടുന്നതോ, കറങ്ങി നടക്കുന്നതോ നിയമലംഘനമാണ്. ഇവർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സംരക്ഷിത മേഖലയുടെ അതിർത്തിക്കുള്ളിൽ വെച്ച് വേട്ടയാടാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ, വേട്ടയാടൽ ഉപകരണങ്ങൾ, ഫാൽക്കണുകൾ എന്നിവ കണ്ടുകെട്ടും. പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള തുടർ ഏകോപനത്തിന്റെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി പൊതു അതോറിറ്റി, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി സഹകരിച്ച് നിയമം ലംഘിക്കുന്നവർക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

പരിസ്ഥിതിയെ ബാധിക്കുന്നതോ പ്രകൃതി ജീവന് ഭീഷണിയാകുന്നതോ ആയ എല്ലാ നിയമലംഘനങ്ങളും നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഫീൽഡ് പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പാരിസ്ഥിതിക വിഭവങ്ങളിൽ കൃത്രിമം കാണിക്കുകയോ, സംരക്ഷിത മേഖലകളെ നിയന്ത്രിക്കുന്ന നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുകയോ ചെയ്യുന്നവരോട് ഒട്ടും ദയവുണ്ടാകില്ല എന്നും മന്ത്രാലയം ശക്തമായ താക്കീത് നൽകി.

Related News